Saturday, February 26, 2011

പുസ്തകത്താളുകളിലൂടെ


അക്ഷരങ്ങളെ ഞാന്‍ ജീവന്റെ ജീവനേക്കാള്‍ സ്നേഹിക്കുന്നു.കാഠിന്യമേറിയ വേദനകള്‍ സഹിക്കവയ്യാതെ,അതിനേകാളേറെ സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുമ്പോള്‍ ഉള്ള മാനസിക വേദനയും പേറി ഇരുളടഞ്ഞ ലോകത്ത് കഴിയുമ്പോള്‍ എനിക്ക് കൂട്ടിനുണ്ടായിരുന്നത് അക്ഷരങ്ങള്‍ മാത്രമായിരുന്നു.ചെറുപ്പം മുതല്‍ വായിച്ചും ചിന്തിച്ചും കൂടെ കൂട്ടിയും വളര്‍ന്ന സ്നേഹസാന്നിദ്ധ്യമാണത്.ജീവിക്കുവാനുള്ള പരക്കം പാച്ചിലിനിടയില്‍ സംഭവിച്ച ദുരന്തത്തില്‍ കൈവിട്ടുപോയ ബന്ധങ്ങളോടൊപ്പം ഞാന്‍ സ്നേഹിച്ച പുസ്തകങ്ങളും എന്നെ കൈവിട്ടുപോയി.പക്ഷെ പുസ്തകത്തിനോടുള്ള എന്റെ പ്രേമത്തിനുമുന്നില്‍ അക്ഷര ദേവിപോലും തലകുനിച്ചുപോയി എന്നു പറയാം.നട്ടെല്ലിനു ക്ഷതം പറ്റി അരയ്ക്കു താഴെ ചലനമറ്റുകിടക്കുമ്പോഴും ഒരു നേരത്തെ ഭക്ഷണം എങ്ങനെ കണ്ടെത്തും എന്ന വ്യാകുലതയെകാളേറെ എന്റെ മനസ്സിനെ വേദനിപ്പിച്ചത് വയനാ ലോകം എനിക്ക് നഷ്ടമാകുന്നതിനെ കുറിച്ചോര്‍ത്തപ്പോഴായിരുന്നു.

              ഒരു പുസ്തകം വായിക്കുമ്പോള്‍ ഒരു നല്ല സുഹൃത്തിനെ കിട്ടുന്നു.അങ്ങനെ കിട്ടിയ ഒരു സുഹൃത്താണ് എനിക്ക് നഷ്ടമായ അക്ഷര ലോകത്തെ തിരിച്ചു തന്നത്."ചന്ദനഗ്രാമം"എന്ന നോവല്‍ അവിചാരിതമായി കയ്യില്‍ കിട്ടിയപ്പോള്‍ വീടിന്റെ ഇരുട്ടറയില്‍ നിന്നുകൊണ്ടു തന്നെ ഞാന്‍ ഇടുക്കിയുടെ കുന്നും മലകളും താണ്ടി വാളയാറിന്റെ വിരിമാറിലൂടെ യാത്ര ചെയ്യാന്‍ തുടങ്ങി.ഈ യത്രക്കിടയിലാണ് നോവലിന്റെ ശില്പിയായ"മൈന ഉമൈബാന്‍"നെ അറിയുന്നത്.ഒന്നു പരിചയപ്പെടണമെന്നു തോന്നി.ഒരു കത്തിലൂടെ എന്റെ വായനാ പ്രിയം ഞാന്‍ അറിയിച്ചു.അവരുടെ മറ്റു പുസ്തകങ്ങള്‍ ചോദിച്ച എനിക്ക് പുസ്തകങ്ങളുടെ ഒരു വസന്തകാലം തന്നെ തരികയാണുണ്ടായത്.ശാരീരികവേദനകളും മാനസികവേദനകളും ഒരേപോലെ മനസ്സിനെ തകര്‍ക്കുമ്പോള്‍ അതില്‍ നിന്നും ഒരാശ്വാസം കിട്ടാന്‍ എന്നെ തുണച്ചത് കുറെ പുസ്തകങ്ങളാണ്.

              ചില സമയങ്ങളില്‍ മനസ്സ് വല്ലാതെ തകരുമ്പോള്‍ എം മുകുന്ദന്റെ"ദൈവത്തിന്റെ വികൃതി"യിലെ അല്‍ഫോന്‍സാച്ചനായും ചില സമയങ്ങളില്‍ മന്ദിയമ്മയായും മയ്യഴിയുടെ തീരങ്ങളില്‍ കൂടി യാത്രചെയ്ത അനുഭവം വായനയിലൂടെ കിട്ടിയിട്ടുണ്ട്.എഴുത്തുലോകത്തെ രാജകുമാരനായ "ബഷീര്‍" എഴുതിയ ഒരോ പുസ്തകങ്ങളും വായിക്കുമ്പോള്‍ വായനക്കാരന്‍ അതിലെ കഥാപാത്രമായി മാറിയില്ലെങ്കിലേ അല്‍ഭുതമുള്ളൂ."പാവപ്പെട്ടവരുടെ വേശ്യ"യിലെ ജീവിക്കാന്‍ വേണ്ടി ഉടുമുണ്ടഴിക്കുന്ന യുവതിയുടെ മടിക്കുത്തിലെ പച്ച മാംസത്തിന്റെ മണം മാറാത്ത നാണയത്തുട്ടുകള്‍ പിടിച്ചു വാങ്ങുന്ന നിയമ പാലകരെ കുറിച്ചോര്‍ത്താല്‍ തീര്‍ച്ചയായും രക്തം തിളക്കാത്തവരുണ്ടാവില്ല.എസ്.കെ പൊറ്റക്കാടിന്റെ "ഒരു ദേശത്തിന്റെ കഥ"വായിക്കുമ്പോള്‍ തുര്‍ക്കിയിലും ജാപ്പാനിലും ഞാന്‍ പലവട്ടം ആത്മസഞ്ചാരം ചെയ്തിട്ടുണ്ട്.അതുപോലെ തന്നെ പൗലൊ കൊയ്ലൊ യുടെ"ആല്‍കെമിസ്റ്റ്"വേദനയുടെ നെറുകയില്‍ കിടന്ന് പിടയുമ്പോഴും നിധി തേടി പീരമേഡുകളിലേക്ക് എന്നെ കൈ പിടിച്ചു പോയിട്ടുണ്ട്.

                ഇന്ന് നമ്മുടെ ഇടയില്‍ വായനാശീലം ദിനംപ്രതി കുറഞ്ഞു വരികയാണ്.ഒരൊ പുസ്തകങ്ങള്‍ വായിക്കുമ്പോഴും കിട്ടുന്ന ആനന്ദം പറഞ്ഞറിയിക്കാന്‍ മലയാള ഭാഷയില്‍ അക്ഷരങ്ങള്‍ പരിമിതമാണെന്നു തോന്നിപ്പോകുന്നു.ചില കഥപാത്രങ്ങള്‍ എന്റെ മനസ്സിന്റെ അടിത്തട്ടില്‍ ഉറഞ്ഞു പോയ ആര്‍ദ്രതകളെ കാലത്തിന്റെ കണ്ണാടിയില്‍ എന്ന പോലെ തെളിയുന്നു."ബാല്യകാലസഖി"യിലെ മജീദിനെ ഓര്‍ക്കുമ്പോള്‍ ഒരു നിമിഷമെങ്കിലും ജീവിതത്തിലെ പ്രണയത്തെ കുറിച്ചോര്‍ക്കാത്തവരുണ്ടൊ..?രക്തം ചിന്തിയ ഹൃദയം കൊണ്ട് വാക്കുകള്‍ക്ക് ജീവന്‍ നല്‍കി മനുഷ്യ മനസ്സിനെ ജീവസ്സുള്ളതാക്കി മാറ്റുന്ന കഥപാത്രങ്ങളെ വായിക്കുമ്പോള്‍ ശരീരത്തിന്റെ ഒരോ ഉയര്‍ത്തെഴുന്നേല്പുകളും തകര്‍ച്ചകളും എന്നിലൂടെ ജീവന്‍ വെച്ച് മുളപൊട്ടി വളരുന്നതും വിടരുന്നതും സുഗന്ധം പരത്തുന്നതും വായനയിലൂടെ ഞാനറിയുന്നു.

Monday, February 21, 2011

അങ്ങിനെ ഞാനും

അങ്ങിനെ ഞാനും ഒരു ബ്ലോഗ് ഡിസൈന്‍ ചെയ്തു.ഇതു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ പറയും ഇതാണോ വലിയ ആനക്കാര്യം.ഇംഗ്ലീഷ് ഒരു വാക്കു പോലും വായിക്കാനറിയാത്ത എനിക്ക് ഇത് ഹനുമാന്‍ മല എടുത്തത് പോലെയാണ്.പിന്നെ ഒരുകാര്യം എല്ലാം അവിടെന്നും ഇവിടെന്നും കട്ടതാണ്.ഇനി ആ പേരും പറഞ്ഞ് ആരതെങ്കിലും എന്തെങ്കിലും പോയിന്നു പറഞ്ഞ് എന്റെ അടുത്തേക്ക് വരണ്ട.ഞാനൊരു പാവം കള്ളനാണേ.