Saturday, April 9, 2011

ഒരു പാചക കുറിപ്പ്

എപ്പോഴും മസിലു പിടിച്ചിരുന്നാല്‍ ശ്വാസം മുട്ടിപ്പോകും അതുകൊണ്ട് ഒന്നു ചിരിച്ചാലോ...ആയുസ്സ് കൂടുമൊന്ന് കേട്ടിട്ടുണ്ട്.അപ്പോഴാണ്.ഒന്നു കക്കാന്‍ തോന്നിയത്.എന്നോട് ക്ഷമിക്കൂ....ഇന്ന് ഒരു പാചക കലയാണ് ഞാന്‍ കട്ടത്.ഞാനുണ്ടാക്കാന്‍ പോകുന്ന സ്പഷ്യല്‍ ഡിഷിന്റെ പേര്.കുടുംബകലഹ രസായനം.ചേരുവകള്‍
no:1അമ്മായിയമ്മ കൊനുസ്ട്ടു പിടിച്ചത് ഒന്ന്
2:മരുമകള്‍ നാക്കോടു കൂടിയത് ഒന്ന്
3:അമ്മായിയമ്മപ്പോര് രണ്ട് കിലോ
4:ഭര്‍ത്തവ് നട്ടെല്ല് ഇല്ലാത്തത് ഒന്ന്
5:നാത്തൂന്മാര്‍ ഭര്‍ത്താവ് ഉപേക്ഷിച്ചത് രണ്ട്
6കുരുത്തം കെട്ട പിള്ളേര്‍ അഞ്ചെട്ടെണ്ണം
7പച്ചത്തെറി ആവശ്യത്തുന്
8 ഉലക്ക ചിരവ വാക്കത്തി ഒരോന്നു വീതം
9അയ്യോ ഇരുപതെണ്ണം
10.നെഞ്ചത്തടിയും കൂട്ടക്കരച്ചിലും ഒരു കൊട്ട
11 പ്രാക്ക് ഒരു കിന്റെല്‍
12ഡൈവേഴ്സ് നോട്ടിസ് രണ്ടെണ്ണം
13 കേസ്സില്ലാ വക്കീല്‍ ഒന്ന്
14അയല്പക്കക്കാര്‍ കൈകൊട്ടിചിരിച്ചത് അരഡെസന്‍
15തിളച്ചവെള്ളം ഒരു ചരുവം
16തലക്കടിക്കാനുള്ള ചട്ടിം കലവും ആവശ്യത്തിന്
17കുറ്റം പറച്ചില്‍ രണ്ട് ടേബിള്‍ ടെന്നീസ്പൂണ്‍
18നല്ലാവെളഞ്ഞ് മൂത്ത് പാകമായ തന്തക്ക് വിളിയും തള്ളക്ക് വിളിയും ഇരുപത്തഞ്ചെണ്ണം
19മുലതക്കണ്ണിര്‍ ഒരു കപ്പ്
20കള്ളക്കരിച്ചില്‍ അഞ്ച് കപ്പ്
21ഏഷണി ഒരുസ്പൂണ്‍
22 ബീഷണി രണ്ട് സ്പൂണ്‍
23വീടിനു ചുറ്റും ഓട്ടം നാല് റൗണ്ട്
24മധ്യസ്ഥന്‍ മാര്‍ മദ്ദ്യത്തോടു കൂടിയത് രണ്ട്.എന്തായാലും ശരി ഈ ചേരുവകള്‍ക്ക് തലക്ക് യാതൊരു ബോധവും ഉണ്ടാവാന്‍ പാടുള്ളതല്ല.

ഇനി രസായനം തയ്യാറാക്കുന്ന വിധം.

ആദ്യമായി ഒരു ചെരുവ വെള്ളം വെട്ടിത്തിളപ്പിക്കുക,ശേഷം കൊനസ്ട്ടു പിടിച്ച അമ്മായിയമ്മയെ നന്നായി കഴുകിയെടുത്ത് തിളപ്പിച്ച വെള്ളത്തിലേക്ക് പൊക്കിയിടുക.തുടര്‍ന്ന് മരുമകളുടെ കുറ്റവും കുറവും രണ്ട് ലിറ്റര്‍ വീതമിട്ട് ഏഷണി ഒരു സ്പൂണും മുതലക്കണ്ണീര്‍ ഒരു കപ്പും അതിലിട്ട് അമ്മായിയമ്മയെ നന്നായി മൂപ്പിക്കുക.അല്പം കഴിയുമ്പോള്‍ എടി മുടിഞ്ഞവളെ എന്ന വൃത്തി കെട്ട ശബ്ദം ചരുവത്തില്‍ നിന്ന് കേള്‍ക്കാം അപ്പോള്‍ രസായനം ശരിക്കും മൂത്തു എന്നു മനസിലാക്കാം.ഉടന്‍ രണ്ട് കപ്പ് പച്ചത്തെറികൂടി അതിലിട്ട് അമ്മായിയമ്മയെ നന്നായി വഴറ്റിയെടുക്കുക.അപ്പോള്‍ അമ്മായിയമ്മയുടെ രക്തം തിളക്കും. അതിനു ശേഷം നാക്കോടു കൂടിയ മരുമകളെ ചരുവത്തിലേക്കിടുക എന്നിട്ട് രണ്ട് പേരെയും നന്നായി ഇളക്കി കൊടുക്കുക.ഇപ്പോള്‍ ചരുവത്തില്‍ നിന്നും ഏഷണിയും ബീഷണിയും ലോകത്തില്‍ ഇന്നു വരെ കേള്‍ക്കാത്ത പച്ചത്തെറികളും നുരഞ്ഞ് പതഞ്ഞ് പൊന്തി വരും.ഈ സമയത്ത് ഭര്‍ത്താക്കന്‍ മാര്‍ ഉപേക്ഷിച്ച നാത്തൂന്‍ മാരെ രണ്ടന്നത്തിനെ ഇട്ടുകൊടുക്കുക.തുടര്‍ന്ന് പ്രാക്ക് ഒരു കിന്റലിട്ട് നന്നായി മിക്സ്സ് ചെയ്ത് ഇളക്കുക അവര്‍ തമ്മില്‍ ശരിക്ക് തിളച്ച് മറിയുമ്പോള്‍ ഉലക്കയും ചിരവയും ഇട്ടു കൊടുക്കുക.ഇപ്പോള്‍ ചരുവത്തില്‍ നിന്നും അയ്യോ പത്തോ എന്നുച്ചത്തില്‍ കരച്ചില്‍ കേള്‍ക്കും ഈ സമയത്ത് കുരുത്തംകെട്ട പിള്ളേരെ നിക്കറുരഞ്ഞ് അതിലേക്കിടുക.ഒരു മണിക്കുറിനു ശേഷം നട്ടെല്ല് ഇല്ലാത്ത ഭര്‍ത്താവിനെ ഫോണ്‍ ചെയ്ത് വിളിച്ചു വരുത്തി നാട്ടുകാരെ കൊണ്ട് ചരുവത്തിലേക്കിടിക്കുക.ഭര്‍ത്താവ് അമ്മായിയമ്മയുടെയും ഭാര്യയുടെയും കാലു പിടിച്ചു കരയുമ്പോള്‍ രസായനം പാകമായെന്നു മനസ്സിലാക്കാം.അതിനു ശേഷം കേസ്സില്ലാ വക്കീലിനെ കൊണ്ട് ഒരു ഡൈവേഴ്സ് നോട്ടീസ് കീറിയിട്ട് താളിച്ചെടുക്കുക തുടര്‍ന്ന് മദ്ദ്യമുള്ള മധ്യസ്ഥന്‍ മാരെ അവിടെയിവിടെ വിതറിയിട്ടതിനു ശേഷം ഇതിനെ മൂടിവെക്കാന്‍ അനുവധിക്കുക്ക.ഇപ്പോള്‍ കുടുംബകലഹ രസായനം തയ്യാര്‍.ഈ രസായനം കുടുംബങ്ങളില്‍ കാണുന്ന കണ്ണുകടി അസൂയ സംശയം കുശുമ്പ് കൗശന്യം എന്നീ രോഗങ്ങള്‍ക്ക് ഉത്തമ പരിഹാരമാണ്.സ്നേഹത്തിലും സമാധാനത്തിലും കഴിയുന്ന കുടുംബത്തില് ഒരോ അംഗത്തെ വിളിച്ച് ഒരോ ടീസ്പൂണ്‍ കൊടുത്താല്‍ ആ കുടുംബം എപ്പം കുട്ടിച്ചോറായെന്നു ചോദിച്ചാല്‍ മതി.

Thursday, March 24, 2011

പലിശ

ഇടനെഞ്ചിലാ കയറങ്ങിനെ കിടന്നാടുന്നു
കയറിന്‍ മറുതലപ്പിലവനും
കണ്ടവര്‍ കണ്ടവര്‍ നാസികം പിടിച്ചങ്ങനെ
ഓക്കാനിച്ചു ഓഛ്ച്ചാനിച്ചു നില്‍ക്കുന്നു

ചിലര്‍ അരിശം കൊള്ളുന്നു
മറ്റുചിലര്‍ പുലമ്പുന്നു
നാറ്റം, സഹിക്കാന്‍ വയ്യാത്ത നാറ്റം
ഇടനെഞ്ചിലാ കയറങ്ങിനെ കിടന്നാടുന്നു
കയറിന്‍ മറുതലപ്പിലവനും.

ഒരുമാത്ര ഞാനുമൊന്നു നോക്കി
കണ്ടതവന്‍ പൂ മുഖം മാത്രം
'കട്ടിമീശ'യും ചുവന്നധരങ്ങളും
കണ്ടില്ല ഞാനവിടെ
കണ്ടതൊന്നു മാത്രം ഇരുതല
കറുപ്പനും തടിച്ചുരുണ്ടതുമായ
ശവം തീനിപ്പുശുക്കളാണത്

ഇടനെഞ്ചിലാ കയറങ്ങിനെ കിടന്നാടുന്നു
കയറിന്‍ മറുതലപ്പിലവനും
എന്തിനവനിങ്ങനെ ചെയ്തെന്നാരാഞ്ഞപ്പോള്‍
ഉടന്‍ കിട്ടിയെനിക്കൊട്ടനേകം മറുപടി
കൊള്ളപ്പലിശയാണവനെയിങ്ങനെ
കയറിന്‍ തലപ്പിലാട്ടിയത്,

Saturday, March 19, 2011

പാലമരം പൂത്തപ്പോള്‍

"നിനക്കറിയില്ല.ജീവിതനൊമ്പരങ്ങള്‍ക്കെല്ലാമപ്പുറം നീയും ഞാനും മാത്രമുള്ള എന്റെ ഏകാഗ്രമായ മനസ്സില്‍ നിധിപോലെ നിന്നെ ഞാന്‍ സൂക്ഷിക്കുന്നതെന്തിനാണെന്ന്" ഏതോ കവിതയിലെ വരികളാണ് മുനീര്‍ പറഞ്ഞത്.ആരുടേതെന്നറിയാത്ത കവിത.മുനീന്റെ നിദ്രാസ്വപ്നങ്ങളില്‍ പോലും ആ വരികള്‍ മുഴങ്ങാറുണ്ട്.മുനീര്‍ പറഞ്ഞത് ആലീസിനു വ്യക്തമായില്ല.എന്താണ് പറഞ്ഞതെന്ന് ആലിസ് വീണ്ടും ചോദിച്ചു.മുനീര്‍ കവിതയുടെ അടുത്ത വരികള്‍ ഉരുവിട്ടു.
                      ഞാന്‍ മറക്കാനാശിക്കുന്നു.നിന്നെ കണ്ടുമുട്ടുന്നതിനുമുമ്പുള്ള വര്‍ഷങ്ങളോളം നീണ്ടു നിന്ന നിഷ്ഫലതയെ.നീ പോയികഴിഞ്ഞപ്പോള്‍ ജീവനില്ലാതെ ജീവിക്കുന്നതിന്റെ വിവശതയെ.എല്ലാം മറക്കാനാശിക്കുന്നുവെങ്കിലും പിന്നെയും പിന്നെയും മനസ്സിലേക്കു കടന്നു വരുന്നു.മുനീറിന്റെ ഒഴുകിവരുന്ന വരികളുടെ ശബ്ദം അവളൊരിക്കലും കേട്ടിരുന്നില്ല.ഒരു ഇതിഹാസ കാവ്യത്തില്‍ നിന്ന് ഞാന്‍ നിന്നെ തൊടുന്നു.എന്ന് മുനീര്‍ പറഞ്ഞു നിറുത്തി.
                      പത്തു വര്‍ഷങ്ങള്‍ക്കു ശേഷമാണ് വീണ്ടും കണ്ടുമുട്ടുന്നത്.ആകസ്മികമായിരുന്നു ആ കണ്ടുമുട്ടല്‍.അത് കഴിഞ്ഞ ദിവസമായിരുന്നു.രണ്ടു പേര്‍ക്കും പെട്ടെന്ന് ഒന്നും പറയാന്‍ കഴിഞ്ഞില്ല.അവള്‍ അനിയത്തിയുടെ ഇളയ കുട്ടിയേയും കൊണ്ട് കാര്‍ ഡ്രൈവ് ചെയ്തു വരികയായിരുന്നു.റോഡ് ക്രോസ് ചെയ്യുന്നതിനിടയിലാണ് ആലീസും മുനീറും തമ്മില്‍ കാണുന്നത്.മുനീര്‍ സ്തബ്ധനായി റോഡിനു മധ്യേ നിന്നു.ആലീസ് വേഗം കാര്‍ സൈഡിലേക്ക് നിറുത്തി.ഒന്നും മിണ്ടാതെയുള്ള ആ നിശ്ചലത മറ്റുള്ളവര്‍ക്ക് നാടകീയമായ കാഴ്ചയായിരിക്കണം.മുനീര്‍ കാറിന്റെ അടുത്തേക്ക് വന്നു.
                     "ഇവിടെ" മുനീര്‍ ചോദിച്ചു."ഞാന്‍ രണ്ടു ദിവസമായി വന്നിട്ട്.അടുത്തയാഴ്ച പോകും"
ആള്‍കൂട്ടത്തിനു മുന്നില്‍ നഗ്നരകുന്നത്പോലെ രണ്ട് പേര്‍ക്കും തോന്നി.അകാരണമായ പേടി ഇരുവരെയും ബാധിച്ചു.രണ്ടുപേര്‍ക്കും സംസാരത്തില്‍ പതര്‍ച്ച് അനുഭവപ്പെട്ടു.
"നാളെ കാണ്വോ?"മുനീര്‍ പെട്ടെന്നു ചോദിച്ചു.
"എവിടെ?"
മുനീര്‍ സ്ഥലം പറഞ്ഞു."നമ്മള്‍ എന്നും കണ്ടിരൂന്ന സ്ഥലം....അവസാനമായി വേര്‍പിരിഞ്ഞ സ്ഥലം" പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഞങ്ങള്‍ ആ അരയാലിന്‍ ചുവട്ടിലെത്തി.കൂനന്റെ പുറത്തെ കൂനപോലെയുള്ള ആലിന്റെ വേരുകളില്‍ ഇരുക്കുമ്പോള്‍ പത്തുവര്‍ഷം തങ്ങളെ എങ്ങനെ കടന്നു പോയെന്ന് രണ്ടു പേരും ഒരേ സമയം ആലോചിച്ചു.പരസ്പ്പരം പറഞ്ഞറിയുക്കുകയും ചെയ്തു.കുറച്ചകലായി കാണുന്ന പാറക്കെട്ടിലേക്ക് ചൂണ്ടികൊണ്ട് ആലീസ് പറഞ്ഞു "ദേ നോക്കൂ ആ പാറക്കെട്ടിലല്ലേ നീ ഉളി കൊണ്ടുവന്ന് എന്റെ പേരെഴുതി നിന്റെ രക്തം കൊണ്ട് ചായം കൊടുത്തത്" മുനീര്‍ ഏതോ മയികലോകത്തിരുന്നു കൊണ്ട് വെറുതെ മൂളിയതെയുള്ളൂ.അവര്‍ തമ്മില്‍ കാണുകയല്ല ഓര്‍മ്മകളിലൂടെ യാത്ര പോകുകയാണ്.ഇനിയും ഓര്‍മ്മകളിലൂടെ സഞ്ചരിക്കാന്‍ വേണ്ടി ചുറ്റിത്തിരിയുകയാണ്.
                മുന്നീര്‍ പതുക്കെ തൊട്ടടുത്തുകാണുന്ന പാലമരത്തിനടുത്തേക്ക് പോയി.ആലീസും പിറകെ ചെന്നു "ഈ പാലമരം നിനക്കോര്‍മ്മയുണ്ടോ?" മുനീര്‍ ചോദിച്ചു."ഉണ്ട്" ആലീസ് മറുപടി പറഞ്ഞു. മുനീറിന്ന് ഏന്തെന്നില്ലാത്ത ആഹ്ലാദം തോന്നി.ആലീസിനു നല്ല പാകത വന്ന ഗമ ഉണ്ടെന്ന് മുനീര്‍ നിരീക്ഷിച്ചു.വര്‍ത്തമാനത്തിലും പ്രകൃതത്തിലും ദര്‍ശനികമായ പരിവേഷം തോന്നിപ്പിക്കുന്നതാണ് അവള്‍ക്ക് വന്ന ഏക മാറ്റമെന്ന് മുനീര്‍ കണ്ടു പിടിച്ചു.
                ഒരു ദീര്‍ഘ മൗനത്തിനു ശേഷം ആലീസ് വാചാലയായി ."എന്നും എന്റെ സ്വപ്നങ്ങളില്‍ ആ പാലമരം ഉണ്ട്.ഒരു കഥയുടെ കഥാപാത്രം പോലെ" മുനീര്‍ അവളുടെ സംസാരങ്ങള്‍ സാകൂതം കേട്ടിരുന്നു.കാലങ്ങള്‍ക്ക് ശേഷം ഹൃദയചൈതന്യം വീണ്ടു കിട്ടിയതു പോലെ.മനശ്ശക്തി പകര്‍ന്നു കിട്ടിയതു പോലെ അവന്‍ പ്രേരിതനായി...."നിന്നെ കുറിച്ചു പറയൂ.. നിന്റെ ഭര്‍ത്താവ്,കുട്ടികള്‍,വീട്,ജോലി അങ്ങിനെ എല്ലാം"  അവന്റെ ചോദ്യം കേട്ട് അവളുടെ മുഖത്ത് വ്യസനം പടര്‍ന്നു.ഒരു ദീര്‍ഘ ശ്വാസത്തിനു ശേഷം അവള്‍ പറയാന്‍ തുടങ്ങി.
                "നിനക്കറിയോ എന്റെ ഭര്‍ത്താവ് എന്റെ അനിയത്തിയുടേയും കൂടി ഭര്‍ത്താവാണിന്ന്.ആ കുട്ടിയുണ്ടല്ലോ അത് എന്റെ ഭര്‍ത്താവിന്റെ കുട്ടിയാണ് അവര്‍ക്ക് രണ്ട് പേര്‍ക്ക് ജനിച്ചത്.അനിയത്തി എല്ലാം എന്നോട് തുറന്നു പറയും"
"അപ്പോ നിനക്കൊന്നും തോന്നറില്ലേ"
"എന്തു തോന്നാന്‍? അതെല്ലേ ഞാന്‍...ഞാന്‍ നിന്നെ ഓര്‍ക്കും.ഓര്‍ക്കതെ ഒരു ദിവസം പോലും ഇക്കാലത്തിനിടക്ക് എന്നെ കടന്നു പോയിട്ടില്ല"
"ഭര്‍ത്താവിനോട് ഇക്കാര്യം ചോദിച്ചില്ലേ?"
"ഇല്ല"
"എന്നെ കുറിച്ച് പറഞ്ഞിട്ടുണ്ടോ?"
"ഇല്ല പറയണമെന്നുണ്ടായിരുന്നു.പിന്നെ വേണ്ടെന്നു വെച്ചു.നാം കല്യാണം കഴിക്കാഞ്ഞത് വളരെ നന്നായെന്ന് തോന്നാറുണ്ടെനിക്ക്"
"അതെന്താ?"
"നിലവിക്കാന്‍ കഴിയാത്ത സഹനമാണ് ദാമ്പത്യം.സഹനത്തിനു കിട്ടുന്ന മധുരമാണ് നമ്മുടെ പ്രണയത്തിന്റെ ഓര്‍മ്മയാണ്.ആ ഓര്‍മ്മയില്‍ അലിഞ്ഞലിഞ്ഞ് ഇല്ലാതവണം എനിക്ക്"
"ഇനി നമ്മളെന്നാണ് കാണുക?"
"പറയാന്‍ പറ്റില്ല...എന്നെ കാര്‍ന്നു തിന്നു കൊണ്ടിരിക്കുന്ന ക്യാന്‍സര്‍ അതിനനുവദിക്കുമോ എന്നറിയില്ല...അന്നു നമ്മള്‍ പിരിഞ്ഞതും ഈ പാലമരം പൂത്തപ്പോഴായിരുന്നു....ഇന്നു കണ്ടുമുട്ടിയതും പിരിയുന്നതും ഈ പാലമരം പൂത്തപ്പോഴാണ്"

Wednesday, March 9, 2011

ഗുരു


ഇരുളിന്‍ മഹാ സാഗരത്തില്‍ നിന്നു
ഒരു കൊച്ചു പിടിവള്ളിയില്‍ കരം ചേര്‍ത്തു
വന്നതാണു ഗുരോ നിന്‍ പാദങ്ങളില്‍.
മാതാ പിതാ ഗുരൂ ദൈവമെന്ന
വേദവാക്ക്യം ഹൃദയത്തിനുള്ളില്‍
ജീവന്റെ തുടിപ്പായ്മിടിക്കുന്നു ഗുരോ.
അക്ഷരദേവി തന്‍ കവ്യ വരംകൊണ്ടു
അനുഗ്രഹീതമാം ഹസ്തംകൊണ്ടെന്‍
ശിരസ്സിലൊന്നനുഗഹിച്ചാലും ഗുരോ..?
ജീവിത സരണിയില്‍"ചിദംബരസ്മരണ"
വെട്ടിത്തുറന്നൊരു പാതയാണിന്നെനിക്ക്.
ഇരുളിന്‍ മഹാ സാഗരത്തില്‍ നിന്നു
ഒരു കൊച്ചു പിടിവള്ളിയില്‍ കരം ചേര്‍ത്തു
വന്നതാണു ഗുരോ നിന്‍ പാദങ്ങളില്‍.
ആ പാദങ്ങളിലൊന്നു തൊട്ടുനമിക്കനൊരു
അക്ഷര ദരിദ്രന്‍ വന്നിരിക്കുന്നു ഗുരോ..
ഹാരാര്‍പ്പണങ്ങളൊന്നുമില്ലാതെ
പൊന്നാടയില്ലാ പൊന്‍വളയുമില്ലാ
ഗുരുദക്ഷിണ കേട്ടാലീപ്രാണനല്ലാതെ
മറ്റൊന്നുമില്ല നിനക്കേകീടാന്‍.

Saturday, February 26, 2011

പുസ്തകത്താളുകളിലൂടെ


അക്ഷരങ്ങളെ ഞാന്‍ ജീവന്റെ ജീവനേക്കാള്‍ സ്നേഹിക്കുന്നു.കാഠിന്യമേറിയ വേദനകള്‍ സഹിക്കവയ്യാതെ,അതിനേകാളേറെ സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുമ്പോള്‍ ഉള്ള മാനസിക വേദനയും പേറി ഇരുളടഞ്ഞ ലോകത്ത് കഴിയുമ്പോള്‍ എനിക്ക് കൂട്ടിനുണ്ടായിരുന്നത് അക്ഷരങ്ങള്‍ മാത്രമായിരുന്നു.ചെറുപ്പം മുതല്‍ വായിച്ചും ചിന്തിച്ചും കൂടെ കൂട്ടിയും വളര്‍ന്ന സ്നേഹസാന്നിദ്ധ്യമാണത്.ജീവിക്കുവാനുള്ള പരക്കം പാച്ചിലിനിടയില്‍ സംഭവിച്ച ദുരന്തത്തില്‍ കൈവിട്ടുപോയ ബന്ധങ്ങളോടൊപ്പം ഞാന്‍ സ്നേഹിച്ച പുസ്തകങ്ങളും എന്നെ കൈവിട്ടുപോയി.പക്ഷെ പുസ്തകത്തിനോടുള്ള എന്റെ പ്രേമത്തിനുമുന്നില്‍ അക്ഷര ദേവിപോലും തലകുനിച്ചുപോയി എന്നു പറയാം.നട്ടെല്ലിനു ക്ഷതം പറ്റി അരയ്ക്കു താഴെ ചലനമറ്റുകിടക്കുമ്പോഴും ഒരു നേരത്തെ ഭക്ഷണം എങ്ങനെ കണ്ടെത്തും എന്ന വ്യാകുലതയെകാളേറെ എന്റെ മനസ്സിനെ വേദനിപ്പിച്ചത് വയനാ ലോകം എനിക്ക് നഷ്ടമാകുന്നതിനെ കുറിച്ചോര്‍ത്തപ്പോഴായിരുന്നു.

              ഒരു പുസ്തകം വായിക്കുമ്പോള്‍ ഒരു നല്ല സുഹൃത്തിനെ കിട്ടുന്നു.അങ്ങനെ കിട്ടിയ ഒരു സുഹൃത്താണ് എനിക്ക് നഷ്ടമായ അക്ഷര ലോകത്തെ തിരിച്ചു തന്നത്."ചന്ദനഗ്രാമം"എന്ന നോവല്‍ അവിചാരിതമായി കയ്യില്‍ കിട്ടിയപ്പോള്‍ വീടിന്റെ ഇരുട്ടറയില്‍ നിന്നുകൊണ്ടു തന്നെ ഞാന്‍ ഇടുക്കിയുടെ കുന്നും മലകളും താണ്ടി വാളയാറിന്റെ വിരിമാറിലൂടെ യാത്ര ചെയ്യാന്‍ തുടങ്ങി.ഈ യത്രക്കിടയിലാണ് നോവലിന്റെ ശില്പിയായ"മൈന ഉമൈബാന്‍"നെ അറിയുന്നത്.ഒന്നു പരിചയപ്പെടണമെന്നു തോന്നി.ഒരു കത്തിലൂടെ എന്റെ വായനാ പ്രിയം ഞാന്‍ അറിയിച്ചു.അവരുടെ മറ്റു പുസ്തകങ്ങള്‍ ചോദിച്ച എനിക്ക് പുസ്തകങ്ങളുടെ ഒരു വസന്തകാലം തന്നെ തരികയാണുണ്ടായത്.ശാരീരികവേദനകളും മാനസികവേദനകളും ഒരേപോലെ മനസ്സിനെ തകര്‍ക്കുമ്പോള്‍ അതില്‍ നിന്നും ഒരാശ്വാസം കിട്ടാന്‍ എന്നെ തുണച്ചത് കുറെ പുസ്തകങ്ങളാണ്.

              ചില സമയങ്ങളില്‍ മനസ്സ് വല്ലാതെ തകരുമ്പോള്‍ എം മുകുന്ദന്റെ"ദൈവത്തിന്റെ വികൃതി"യിലെ അല്‍ഫോന്‍സാച്ചനായും ചില സമയങ്ങളില്‍ മന്ദിയമ്മയായും മയ്യഴിയുടെ തീരങ്ങളില്‍ കൂടി യാത്രചെയ്ത അനുഭവം വായനയിലൂടെ കിട്ടിയിട്ടുണ്ട്.എഴുത്തുലോകത്തെ രാജകുമാരനായ "ബഷീര്‍" എഴുതിയ ഒരോ പുസ്തകങ്ങളും വായിക്കുമ്പോള്‍ വായനക്കാരന്‍ അതിലെ കഥാപാത്രമായി മാറിയില്ലെങ്കിലേ അല്‍ഭുതമുള്ളൂ."പാവപ്പെട്ടവരുടെ വേശ്യ"യിലെ ജീവിക്കാന്‍ വേണ്ടി ഉടുമുണ്ടഴിക്കുന്ന യുവതിയുടെ മടിക്കുത്തിലെ പച്ച മാംസത്തിന്റെ മണം മാറാത്ത നാണയത്തുട്ടുകള്‍ പിടിച്ചു വാങ്ങുന്ന നിയമ പാലകരെ കുറിച്ചോര്‍ത്താല്‍ തീര്‍ച്ചയായും രക്തം തിളക്കാത്തവരുണ്ടാവില്ല.എസ്.കെ പൊറ്റക്കാടിന്റെ "ഒരു ദേശത്തിന്റെ കഥ"വായിക്കുമ്പോള്‍ തുര്‍ക്കിയിലും ജാപ്പാനിലും ഞാന്‍ പലവട്ടം ആത്മസഞ്ചാരം ചെയ്തിട്ടുണ്ട്.അതുപോലെ തന്നെ പൗലൊ കൊയ്ലൊ യുടെ"ആല്‍കെമിസ്റ്റ്"വേദനയുടെ നെറുകയില്‍ കിടന്ന് പിടയുമ്പോഴും നിധി തേടി പീരമേഡുകളിലേക്ക് എന്നെ കൈ പിടിച്ചു പോയിട്ടുണ്ട്.

                ഇന്ന് നമ്മുടെ ഇടയില്‍ വായനാശീലം ദിനംപ്രതി കുറഞ്ഞു വരികയാണ്.ഒരൊ പുസ്തകങ്ങള്‍ വായിക്കുമ്പോഴും കിട്ടുന്ന ആനന്ദം പറഞ്ഞറിയിക്കാന്‍ മലയാള ഭാഷയില്‍ അക്ഷരങ്ങള്‍ പരിമിതമാണെന്നു തോന്നിപ്പോകുന്നു.ചില കഥപാത്രങ്ങള്‍ എന്റെ മനസ്സിന്റെ അടിത്തട്ടില്‍ ഉറഞ്ഞു പോയ ആര്‍ദ്രതകളെ കാലത്തിന്റെ കണ്ണാടിയില്‍ എന്ന പോലെ തെളിയുന്നു."ബാല്യകാലസഖി"യിലെ മജീദിനെ ഓര്‍ക്കുമ്പോള്‍ ഒരു നിമിഷമെങ്കിലും ജീവിതത്തിലെ പ്രണയത്തെ കുറിച്ചോര്‍ക്കാത്തവരുണ്ടൊ..?രക്തം ചിന്തിയ ഹൃദയം കൊണ്ട് വാക്കുകള്‍ക്ക് ജീവന്‍ നല്‍കി മനുഷ്യ മനസ്സിനെ ജീവസ്സുള്ളതാക്കി മാറ്റുന്ന കഥപാത്രങ്ങളെ വായിക്കുമ്പോള്‍ ശരീരത്തിന്റെ ഒരോ ഉയര്‍ത്തെഴുന്നേല്പുകളും തകര്‍ച്ചകളും എന്നിലൂടെ ജീവന്‍ വെച്ച് മുളപൊട്ടി വളരുന്നതും വിടരുന്നതും സുഗന്ധം പരത്തുന്നതും വായനയിലൂടെ ഞാനറിയുന്നു.

Monday, February 21, 2011

അങ്ങിനെ ഞാനും

അങ്ങിനെ ഞാനും ഒരു ബ്ലോഗ് ഡിസൈന്‍ ചെയ്തു.ഇതു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ പറയും ഇതാണോ വലിയ ആനക്കാര്യം.ഇംഗ്ലീഷ് ഒരു വാക്കു പോലും വായിക്കാനറിയാത്ത എനിക്ക് ഇത് ഹനുമാന്‍ മല എടുത്തത് പോലെയാണ്.പിന്നെ ഒരുകാര്യം എല്ലാം അവിടെന്നും ഇവിടെന്നും കട്ടതാണ്.ഇനി ആ പേരും പറഞ്ഞ് ആരതെങ്കിലും എന്തെങ്കിലും പോയിന്നു പറഞ്ഞ് എന്റെ അടുത്തേക്ക് വരണ്ട.ഞാനൊരു പാവം കള്ളനാണേ.