Saturday, February 26, 2011

പുസ്തകത്താളുകളിലൂടെ


അക്ഷരങ്ങളെ ഞാന്‍ ജീവന്റെ ജീവനേക്കാള്‍ സ്നേഹിക്കുന്നു.കാഠിന്യമേറിയ വേദനകള്‍ സഹിക്കവയ്യാതെ,അതിനേകാളേറെ സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുമ്പോള്‍ ഉള്ള മാനസിക വേദനയും പേറി ഇരുളടഞ്ഞ ലോകത്ത് കഴിയുമ്പോള്‍ എനിക്ക് കൂട്ടിനുണ്ടായിരുന്നത് അക്ഷരങ്ങള്‍ മാത്രമായിരുന്നു.ചെറുപ്പം മുതല്‍ വായിച്ചും ചിന്തിച്ചും കൂടെ കൂട്ടിയും വളര്‍ന്ന സ്നേഹസാന്നിദ്ധ്യമാണത്.ജീവിക്കുവാനുള്ള പരക്കം പാച്ചിലിനിടയില്‍ സംഭവിച്ച ദുരന്തത്തില്‍ കൈവിട്ടുപോയ ബന്ധങ്ങളോടൊപ്പം ഞാന്‍ സ്നേഹിച്ച പുസ്തകങ്ങളും എന്നെ കൈവിട്ടുപോയി.പക്ഷെ പുസ്തകത്തിനോടുള്ള എന്റെ പ്രേമത്തിനുമുന്നില്‍ അക്ഷര ദേവിപോലും തലകുനിച്ചുപോയി എന്നു പറയാം.നട്ടെല്ലിനു ക്ഷതം പറ്റി അരയ്ക്കു താഴെ ചലനമറ്റുകിടക്കുമ്പോഴും ഒരു നേരത്തെ ഭക്ഷണം എങ്ങനെ കണ്ടെത്തും എന്ന വ്യാകുലതയെകാളേറെ എന്റെ മനസ്സിനെ വേദനിപ്പിച്ചത് വയനാ ലോകം എനിക്ക് നഷ്ടമാകുന്നതിനെ കുറിച്ചോര്‍ത്തപ്പോഴായിരുന്നു.

              ഒരു പുസ്തകം വായിക്കുമ്പോള്‍ ഒരു നല്ല സുഹൃത്തിനെ കിട്ടുന്നു.അങ്ങനെ കിട്ടിയ ഒരു സുഹൃത്താണ് എനിക്ക് നഷ്ടമായ അക്ഷര ലോകത്തെ തിരിച്ചു തന്നത്."ചന്ദനഗ്രാമം"എന്ന നോവല്‍ അവിചാരിതമായി കയ്യില്‍ കിട്ടിയപ്പോള്‍ വീടിന്റെ ഇരുട്ടറയില്‍ നിന്നുകൊണ്ടു തന്നെ ഞാന്‍ ഇടുക്കിയുടെ കുന്നും മലകളും താണ്ടി വാളയാറിന്റെ വിരിമാറിലൂടെ യാത്ര ചെയ്യാന്‍ തുടങ്ങി.ഈ യത്രക്കിടയിലാണ് നോവലിന്റെ ശില്പിയായ"മൈന ഉമൈബാന്‍"നെ അറിയുന്നത്.ഒന്നു പരിചയപ്പെടണമെന്നു തോന്നി.ഒരു കത്തിലൂടെ എന്റെ വായനാ പ്രിയം ഞാന്‍ അറിയിച്ചു.അവരുടെ മറ്റു പുസ്തകങ്ങള്‍ ചോദിച്ച എനിക്ക് പുസ്തകങ്ങളുടെ ഒരു വസന്തകാലം തന്നെ തരികയാണുണ്ടായത്.ശാരീരികവേദനകളും മാനസികവേദനകളും ഒരേപോലെ മനസ്സിനെ തകര്‍ക്കുമ്പോള്‍ അതില്‍ നിന്നും ഒരാശ്വാസം കിട്ടാന്‍ എന്നെ തുണച്ചത് കുറെ പുസ്തകങ്ങളാണ്.

              ചില സമയങ്ങളില്‍ മനസ്സ് വല്ലാതെ തകരുമ്പോള്‍ എം മുകുന്ദന്റെ"ദൈവത്തിന്റെ വികൃതി"യിലെ അല്‍ഫോന്‍സാച്ചനായും ചില സമയങ്ങളില്‍ മന്ദിയമ്മയായും മയ്യഴിയുടെ തീരങ്ങളില്‍ കൂടി യാത്രചെയ്ത അനുഭവം വായനയിലൂടെ കിട്ടിയിട്ടുണ്ട്.എഴുത്തുലോകത്തെ രാജകുമാരനായ "ബഷീര്‍" എഴുതിയ ഒരോ പുസ്തകങ്ങളും വായിക്കുമ്പോള്‍ വായനക്കാരന്‍ അതിലെ കഥാപാത്രമായി മാറിയില്ലെങ്കിലേ അല്‍ഭുതമുള്ളൂ."പാവപ്പെട്ടവരുടെ വേശ്യ"യിലെ ജീവിക്കാന്‍ വേണ്ടി ഉടുമുണ്ടഴിക്കുന്ന യുവതിയുടെ മടിക്കുത്തിലെ പച്ച മാംസത്തിന്റെ മണം മാറാത്ത നാണയത്തുട്ടുകള്‍ പിടിച്ചു വാങ്ങുന്ന നിയമ പാലകരെ കുറിച്ചോര്‍ത്താല്‍ തീര്‍ച്ചയായും രക്തം തിളക്കാത്തവരുണ്ടാവില്ല.എസ്.കെ പൊറ്റക്കാടിന്റെ "ഒരു ദേശത്തിന്റെ കഥ"വായിക്കുമ്പോള്‍ തുര്‍ക്കിയിലും ജാപ്പാനിലും ഞാന്‍ പലവട്ടം ആത്മസഞ്ചാരം ചെയ്തിട്ടുണ്ട്.അതുപോലെ തന്നെ പൗലൊ കൊയ്ലൊ യുടെ"ആല്‍കെമിസ്റ്റ്"വേദനയുടെ നെറുകയില്‍ കിടന്ന് പിടയുമ്പോഴും നിധി തേടി പീരമേഡുകളിലേക്ക് എന്നെ കൈ പിടിച്ചു പോയിട്ടുണ്ട്.

                ഇന്ന് നമ്മുടെ ഇടയില്‍ വായനാശീലം ദിനംപ്രതി കുറഞ്ഞു വരികയാണ്.ഒരൊ പുസ്തകങ്ങള്‍ വായിക്കുമ്പോഴും കിട്ടുന്ന ആനന്ദം പറഞ്ഞറിയിക്കാന്‍ മലയാള ഭാഷയില്‍ അക്ഷരങ്ങള്‍ പരിമിതമാണെന്നു തോന്നിപ്പോകുന്നു.ചില കഥപാത്രങ്ങള്‍ എന്റെ മനസ്സിന്റെ അടിത്തട്ടില്‍ ഉറഞ്ഞു പോയ ആര്‍ദ്രതകളെ കാലത്തിന്റെ കണ്ണാടിയില്‍ എന്ന പോലെ തെളിയുന്നു."ബാല്യകാലസഖി"യിലെ മജീദിനെ ഓര്‍ക്കുമ്പോള്‍ ഒരു നിമിഷമെങ്കിലും ജീവിതത്തിലെ പ്രണയത്തെ കുറിച്ചോര്‍ക്കാത്തവരുണ്ടൊ..?രക്തം ചിന്തിയ ഹൃദയം കൊണ്ട് വാക്കുകള്‍ക്ക് ജീവന്‍ നല്‍കി മനുഷ്യ മനസ്സിനെ ജീവസ്സുള്ളതാക്കി മാറ്റുന്ന കഥപാത്രങ്ങളെ വായിക്കുമ്പോള്‍ ശരീരത്തിന്റെ ഒരോ ഉയര്‍ത്തെഴുന്നേല്പുകളും തകര്‍ച്ചകളും എന്നിലൂടെ ജീവന്‍ വെച്ച് മുളപൊട്ടി വളരുന്നതും വിടരുന്നതും സുഗന്ധം പരത്തുന്നതും വായനയിലൂടെ ഞാനറിയുന്നു.

16 comments:

  1. വായനയുടെ ആഴം കൊണ്ടു തന്നെ എഴുത്തിനും
    പുതുമയും കരുത്തും കാണുന്നുണ്ട്..ബ്ലോഗ്ഗ്
    ലോകത്തേക്കുള്ള ഈ രംഗപ്രവേശത്തിനു
    എല്ലാ ആശംസ്കളും നേരുന്നു..

    ReplyDelete
  2. എല്ലാ ആശംസകളും. വായിക്കുക, ആത്മ വിശ്വാസം നഷ്ടപ്പെടുത്താതെ കാക്കുക. സര്‍വ്വശക്തന്റെ അനുഗ്രഹം ഉണ്ടാകട്ടെ.

    word verification eduthu kalauyu pls

    ReplyDelete
  3. ഇവിടെ വന്നവര്‍ക്കും അഭിപ്രായങ്ങള്‍ പറഞ്ഞവര്‍ക്കും നന്ദി...നിങ്ങളുടെ വിലപ്പെട്ട ഓരോ വാക്കും ഞാന്‍ സാരോപദേശമായി സ്വീകരിക്കുന്നു.

    ReplyDelete
  4. കളര്‍ മറ്റാന്‍ കഴിയുമെങ്കില്‍ നന്നായിരുന്നു, കന്നിനൊരു സുഖമുള്ള കളറല്ല ഇത്. വായനക്ക് പ്രയാസം നേരിടുന്നു..

    ReplyDelete
  5. കുറ്റൂരീ കളര്‍ മാറ്റിയിരിക്കുന്നു...

    ReplyDelete
  6. പ്രിയ മുസ്തഫ,
    വായിച്ചു. ഒരഭിപ്രായ വ്യത്യാസമുണ്ട്. വായന മരിച്ചു എന്ന നിലപാടിനോട് യോജിക്കുന്നില്ല. പണ്ടത്തെക്കാള്‍ വായന ഇന്നാണ് എന്നതാണ് എന്റെ അഭിപ്രായം. പണ്ടത്തെ സാഹചര്യമല്ലിന്ന്. വായനയ്ക്ക് ഗ്രാമീണ വായനശാലകളെയും ലോക്കല്‍ ലൈബ്രററികളെയുമൊന്നും ആശ്രയിക്കേണ്ട അവസ്ഥയില്ലിന്ന്. പല വീടുകളും ലൈബ്രററികളായി മാറിയിരിക്കുന്നു എന്നതാണ് സത്യം. എത്രമാത്രം പുസ്തകങ്ങളും മറ്റു പ്രസിദ്ധീകരണങ്ങളുമാണ് ഇറങ്ങുന്നത്. ഇതൊക്കെ വായനക്കാര്‍ ഉണ്ടായിട്ടല്ലേ?
    താങ്കളുടെ എഴുത്ത് വളരെയധികം നന്നായിട്ടുണ്ട്. താങ്കളുടെ കഥനകഥ വായിച്ചപ്പോള്‍ എനിക്ക് പെട്ടെന്ന് ഓര്‍മ്മ വന്നത് ചിത്രകാരി മാരിയത്തിനെയാണ്(http://mariyath.blogspot.com/). അതെ, താങ്കളെപ്പോലെ അവരെയും മുന്നോട്ട് നയിക്കുന്നത് അഅത്മധൈര്യമാണ്. ഈ ആത്മധൈര്യം നിലനില്‍ക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്നു. താങ്കള്‍ക്ക് എല്ലാ ആശംസകളും നേരുന്നു. ഞാന്‍ പ്രസിദ്ധീകരണങ്ങളില്‍ എഴുതുന്ന ആളാണെങ്കിലും മുസ്തഫ വായിച്ചിട്ടുളള്ളത്ര പുസ്തകങ്ങള്‍ വായിച്ചിട്ടില്ല എന്ന് മുസ്തഫ എഴുത്തില്‍നിന്നു മനസ്സിലായി. പുളിക്കല്‍ എവിടെയാണ് വീട്?

    ReplyDelete
  7. വായനയോടുള്ള ഇഷ്ട്ടം എഴുത്തില്‍
    വ്യക്തമാവുന്നുണ്ട്, ഇതൊരിക്കലും
    നഷ്ട്ടമാവതിരിക്കട്ടെ. എല്ലാ ആശംസകളും ...

    ReplyDelete
  8. മുസ്തഫ, വായനയെ, അതു വഴിജീവിതത്തെ സ്നേഹിക്കുന്നൊരാളെ ഈ എഴുത്തിലറിയാം, വായിക്കുക, തോന്നുന്നതൊക്കെ എഴുതുക, എന്റെ സ്നേഹം.

    ReplyDelete
  9. നാരയണ്‍ ജീ "കദനകഥ" എന്നതാണ് ശരി...എന്തിനെ കുറിച്ചാണ് പരഞ്ഞതെന്ന് വെക്തമാക്കിയാലും

    ReplyDelete
  10. ഞാന്‍ ആദ്യമെഴുതിയ അഭിപ്രായത്തില്‍ 'കഥനകഥ'എന്നു തെറ്റായി എഴുതിയിരുന്നു!

    ReplyDelete
  11. അക്ഷരം കരുത്താണ്‌. വായനയുടെ കരുത്ത്‌ വരികളില്‍ കാണനുണ്ട്‌.

    ReplyDelete
  12. അക്ഷരങ്ങളെ ഞാന്‍ ജീവന്റെ ജീവനേക്കാള്‍ സ്നേഹിക്കുന്നു.

    athe njaanum inganeyaanu ezhuththiluute prakatamaanu hridayam nalla ezhuththu

    ReplyDelete
  13. എല്ലാ ആശംസകളും ...
    ഇനിയും എഴുതുക ...

    ReplyDelete